1. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
ആത്മാവിലെ ദാരിദ്ര്യം എന്താണെന്ന് തിരിച്ചറിയണമെങ്കിൽ പോലും ദൈവത്തിന്റെ പ്രത്യേക കൃപ ആവശ്യമാണ്. ദൈവകൃപ ലഭിക്കാത്ത ഒരാൾക്ക് തന്നിലെ ആത്മീയ ദാരിദ്ര്യത്തെ ഒരിക്കലും മനസ്സിലാക്കാൻ സാധിക്കുകയില്ല.
യേശു പറഞ്ഞ രണ്ടു വ്യക്തികളുടെ പ്രാർത്ഥന ഇതിന് വ്യക്തമായ ഉദാഹരണമാണ്:
ഒന്നാമൻ: തന്റെ ആചാരാനുഷ്ഠാനങ്ങളിലും കർമ്മങ്ങളിലും സ്വയനീതിയിൽ അഹങ്കരിച്ച്, തന്നത്തന്നെ ശ്രേഷ്ഠനായി കണ്ട് ദൈവസന്നിധിയിൽ നിന്നു.
രണ്ടാമൻ: ദൈവകൃപയിലും കരുണയിലും മാത്രം ആശ്രയിച്ച്, തന്റെ ആത്മീയ ദാരിദ്ര്യം ഏറ്റുപറഞ്ഞ് താഴ്മയോടെ പ്രാർത്ഥിച്ചു.
ദൈവത്തിന്റെ കൃപയും ആകർഷണവും ലഭിക്കുന്ന വ്യക്തിക്ക് മാത്രമേ തന്റെ ഉള്ളിലെ ആത്മാവിന്റെ ശൂന്യത ബോധ്യമാവുകയുള്ളൂ. ദൈവം ഉള്ളിൽ ആത്മാവിനെ പകർന്ന് ആത്മാഭിഷേകത്താൽ നിറച്ചാൽ മാത്രമേ ദൈവത്തെ അറിയാനും ആസ്വദിക്കാനും തന്റെ ആത്മാവ് സജ്ജമാവുകയുള്ളൂ എന്ന് ആ വ്യക്തി തിരിച്ചറിയുന്നു.
ദാവീദിന്റെ പ്രാർത്ഥന:
“ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ. നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.”
ദൈവകൃപ ലഭിച്ചവർ തങ്ങളുടെ ആത്മീയ പാപ്പരത്തം തിരിച്ചറിഞ്ഞ്, എപ്പോഴും വാഞ്ചയോടെ ദൈവസന്നിധിയിലേക്ക് ചെല്ലും. അതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്:
“ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.”
ആത്മീയമായ ആ ശൂന്യത നിറയ്ക്കാനുള്ള യഥാർത്ഥ ആഗ്രഹം ദാഹമുള്ളവന് മാത്രമേ ഉണ്ടാകൂ. അങ്ങനെ അതിയായ വാഞ്ചയോടെ ദൈവത്തെ അന്വേഷിക്കുന്നവരിലേക്ക് ദൈവം തന്റെ ആത്മാവിന്റെ അഭിഷേകം നൽകി അവരെ ഒരുക്കുമ്പോൾ, അവരുടെ ഉള്ളിൽ ദൈവരാജ്യത്തിന്റെ അനുഭവം സംജാതമാകുന്നു.
എന്തുകൊണ്ട് ഇവ ‘ഭാഗ്യവചനങ്ങൾ’ ആകുന്നു?
ഇതിൽ ഒന്നുപോലും മാനുഷികമായ പ്രയത്നങ്ങളല്ല; മറിച്ച് സകലതും ദൈവത്തിന്റെ ഭാഗത്തുനിന്ന് കൃപയാൽ മാത്രം സംഭവിക്കുന്നതാണ്:
- ആത്മീയ ദാരിദ്ര്യം ഉണ്ടെന്ന് തിരിച്ചറിയുന്നതും
- അതിനായി വാഞ്ചിക്കുന്നതും
- അഭിഷേകം സ്വീകരിക്കുന്നതും
- ദൈവരാജ്യാനുഭവത്തിൽ ഉല്ലസിക്കുന്നതും
എല്ലാം ദൈവകൃപയുടെ ദാനങ്ങളാണ്. അതുകൊണ്ടാണ് ഇവ യഥാർത്ഥ ഭാഗ്യവചനങ്ങൾ ആകുന്നത്!
2. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും
ദൈവത്തിന്റെ കൃപയും ആകർഷണവും അനുഭവിക്കുന്ന വ്യക്തിക്കു മാത്രമേ തന്റെ ഉള്ളിലെ ആത്മീയ ശൂന്യത തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ദൈവം തന്റെ ആത്മാവിനെ പകർന്ന് ആത്മാഭിഷേകത്താൽ നിറച്ചാൽ മാത്രമേ ദൈവത്തെ യഥാർത്ഥമായി അറിയാനും ആസ്വദിക്കാനും തന്റെ ആത്മാവ് ഒരുങ്ങുകയുള്ളൂ എന്ന ബോധ്യം വരുമ്പോൾ, അതിനായുള്ള ആഴമായ വാഞ്ഛയും ദൈവഹിതപ്രകാരം ജീവിക്കാനുള്ള തീവ്രമായ ആഗ്രഹവും ആ വ്യക്തിയിൽ ഉടലെടുക്കുന്നു.
മാനുഷിക ശ്രമങ്ങളും ആത്മീയ ദുഃഖവും
എന്നാൽ പലപ്പോഴും സ്വന്തം ബുദ്ധിയിലും മാനുഷിക പ്രയത്നങ്ങളിലും ആശ്രയിച്ച് ഈ ആത്മീയ ലക്ഷ്യം നേടാൻ ശ്രമിക്കുമ്പോൾ നാം പരാജയപ്പെടുന്നു. ഇത്തരം ശ്രമങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഉള്ളിൽ നിരാശയും വ്യസനവും ദുഃഖവും വളരുന്നു.
“എങ്ങനെ ആത്മാഭിഷേകം പ്രാപിക്കാം? എങ്ങനെ ദൈവം ആഗ്രഹിക്കുന്ന ജീവിതം നയിക്കാം?”
എന്ന ചോദ്യങ്ങളുമായി സ്വയം അന്വേഷിച്ച് പരിശ്രമിച്ച് തളരുമ്പോൾ ഉണ്ടാകുന്ന ആഴമേറിയ ആത്മീയ ദുഃഖത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
അപ്പൊസ്തലനായ പൗലൂസിന്റെ അനുഭവം
പൗലൂസ് സ്വയനീതിയിലും പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളിലും, അതോടൊപ്പം തീവ്രമായ മതഭക്തിയോടെയുള്ള കർമ്മങ്ങളിലും മുഴുകി, തന്റെ ആത്മീയ ദാരിദ്ര്യം തിരിച്ചറിയാതെ ജീവിച്ച വ്യക്തിയായിരുന്നു. എന്നാൽ ഒരിക്കൽ ദൈവത്തിന്റെ കൃപയും ആകർഷണവും അവനിൽ പ്രവർത്തിച്ചപ്പോൾ, തന്റെ ഉള്ളിലെ ആത്മീയ ശൂന്യത അവന് വ്യക്തമായി ബോധ്യപ്പെട്ടു.
- എന്തു ചെയ്യണമെന്നറിയാതെ അവൻ ആത്മീയ നിറവിനായി തപ്പിത്തടഞ്ഞു.
- അവന്റെ സ്വന്തം പരിശ്രമങ്ങളെല്ലാം നിഷ്ഫലമായി.
- “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! എന്നെ ഈ മരണശരീരത്തിൽനിന്നു ആർ വിടുവിക്കും?” എന്ന ആഴമേറിയ വേദനയുടെ നെടുവീർപ്പുകൾ അവനിൽ നിന്നുയർന്നു.
തന്റെ സ്വന്തം കഴിവുകൾ അവസാനിച്ച ആ ഘട്ടത്തിലാണ്, അവനെ ആത്മാഭിഷേകത്താൽ നിറയ്ക്കാനുള്ള വഴികൾ ദൈവം തുറന്നുകൊടുത്തത്.
ദൈവത്തിന്റെ സമയവും ആശ്വാസവും
ദൈവം മുൻകൂട്ടി നിശ്ചയിച്ച സമയത്ത്, അവിടുന്ന് തന്നെ ആത്മാഭിഷേകം നൽകാനുള്ള മാർഗ്ഗങ്ങൾ ഒരുക്കുന്നു. അങ്ങനെ, ആ വ്യക്തിയുടെ മനസ്സിന് ഉല്ലാസവും ആശ്വാസവും സമാധാനവും പകരുന്ന വിധത്തിൽ ദൈവം അവനെ തന്റെ ആത്മാവിനാൽ നിറയ്ക്കുന്നു
3. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും
പഴയനിയമത്തിൽ മോശയെ പോലെ സൗമ്യനായ മറ്റൊരു വ്യക്തി ഇല്ലെന്ന് ദൈവം തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. എന്താണ് മോശയുടെ സൗമ്യതയുടെ യഥാർത്ഥ പ്രത്യേകത?
ധൈര്യവും വിനയവും ഒത്തുചേർന്ന ജീവിതം
മോശ ബലഹീനനായിരുന്നില്ല; മറിച്ച്, അസാമാന്യ ധൈര്യമുള്ളവനായിരുന്നു:
- ശത്രുക്കളോട് യുദ്ധം ചെയ്ത് അവരെ നേരിടുന്നതിൽ മോശ ധീരനായിരുന്നു.
- ജീവനുള്ള ദൈവത്തെ വിട്ട് അന്യദേവന്മാരെ ആരാധിക്കാൻ പോയ സ്വജനങ്ങളെപ്പോലും വാളിനാൽ നിഗ്രഹിക്കുന്നതിൽ അവൻ തെല്ലും മടിച്ചില്ല.
എന്നാൽ തന്റെ കഴിവുകളോ, അനുഭവപരിചയങ്ങളോ, അറിവുകളോ, സ്ഥാനമാനങ്ങളോ ഒന്നും സ്വയനീതിക്കോ അഹങ്കാരത്തിനോ കാരണമാക്കാൻ മോശ അനുവദിച്ചില്ല. ദൈവസന്നിധിയിൽ എത്തുമ്പോൾ, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിർമ്മലവും വിനയവുമുള്ള ഹൃദയത്തോടെയാണ് അവൻ നിന്നത്.
യേശു പഠിപ്പിച്ച സൗമ്യതയുടെ നിലവാരം
ഇതേ സത്യമാണ് യേശുവും നമ്മോട് പറഞ്ഞത്: ഒരുവൻ തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ സ്വയം ത്യജിച്ച്, തന്റെ കുരിശെടുത്ത്, ശിശുക്കളുടെ നിഷ്കളങ്കതയും വിനയവുമുള്ള മനോഭാവത്തോടെ ആയിത്തീരണം. ഇതാണ് യഥാർത്ഥ സൗമ്യതയുടെ നിലവാരം.
അവകാശത്തിന്റെ അധികാരം
ദൈവതിരുമുമ്പിൽ ഇപ്രകാരം വിനയവും സൗമ്യതയും ഉള്ളവനായി നിൽക്കുന്ന വ്യക്തിയെ ദൈവം ഉയർത്തുന്നു:
തന്റെ വീടിന്റെയും, നാടിന്റെയും, ദേശത്തിന്റെയും, രാജ്യത്തിന്റെയും, ലോകത്തിന്റെയും മേൽ കർത്തൃത്വവും അധികാരവും നടത്തുന്ന അവകാശിയായി ദൈവം അവനെ നിയമിക്കുന്നു.
ദൈവത്തിന്റെ പദ്ധതിയെ നിറവേറ്റാനായി ദൈവേഷ്ടത്തിനായി പീലാത്തോസിന്റെ മുന്നിൽ സൗമ്യനായി യേശു നിന്നു. ദൈവപദ്ധതിക്കായി സ്വയം വിധേയപ്പെട്ടതിനാൽ ദൈവം യേശുവിനെ – അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി.
4. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും
തുടരും …